22 April, 2025 12:21:53 PM
ആമയൂര്‍ കൊലപാതകം; പ്രതി റെജികുമാറിൻ്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

പാലക്കാട്: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. 2008-ലാണ് പാല പറമ്പത്തോട്ട് റെജികുമാര്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ബലാത്സംഗക്കുറ്റത്തിനും കൊലപാതകക്കുറ്റത്തിനും ജീവപര്യന്തം നിലനില്‍ക്കും. കേസിലെ ഏകപ്രതിയാണ് റെജികുമാര്‍.
ഭാര്യ ലിസിയെയും മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെയാണ് റെജികുമാര്‍ കൊലപ്പെടുത്തിയത്. 2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് 5 പേരുടെയും കൊലപാതകം റെജികുമാര്‍ നടത്തിയത്. ജൂലൈ എട്ടിനാണ് ഭാര്യ ലിസിയെ കൊലപ്പെടുത്തിയത്. അമന്യയെയും അമലിനെയും ജൂലൈ പതിമൂന്നിന് കൊലപ്പെടുത്തി. അമലുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമലുവിനെയും അമല്യയെയും ജൂലൈ 23-നാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ പതിനാറ് വര്‍ഷമായി ഇയാള്‍ സെന്‍ട്രല്‍ ജയിലിലാണ്. റെജികുമാറിന് മാനസാന്തരം സംഭവിച്ചു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതുകൂടി പരിശോധിച്ചാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയത്. അന്ന് സെപ്റ്റിക് ടാങ്കില്‍ നിന്നാണ് ലിസിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു. പിന്നീടാണ് റെജി കുമാറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തുന്നത്. പാലക്കാട് പ്രത്യേക സെഷന്‍സ് കോടതിയാണ് റെജികുമാറിന് വധശിക്ഷ വിധിച്ചത്. 2010-ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സെഷന്‍സ് കോടതി വിധി ശരിവെച്ചത്. അന്ന് വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023-ല്‍ ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് റെജികുമാറിന്റെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.