23 April, 2025 08:17:44 PM
കുൽഗാമിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാമിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പഹൽഹാം സൈന്യത്തിന്റെ വലയത്തിലായിരുന്നു. കശ്മീരിൽ വിവിധയിടങ്ങളിൽ സൈന്യം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.
ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. അതിനിടെ ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തി. പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്.