25 April, 2025 07:34:45 PM


പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിയോട് ഹോം നേഴ്‌സിന്റെ ക്രൂരത; നഗ്നനാക്കി മര്‍ദിച്ച് നിലത്തിട്ട് വലിച്ചിഴച്ചു



പത്തനംതിട്ട: പത്തനംതിട്ട തട്ടയില്‍ 59 കാരനായ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്‌സിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനമേറ്റ ശശിധരന്‍പിള്ള ഗുരുതരാവസ്ഥയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോം നേഴ്‌സ് വിഷ്ണുവിനെതിരെ കൊടുമണ്‍ പോലീസില്‍ കുടുംബം പരാതി നല്‍കി. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

59 വസയുകാരന്‍ ശശിധരന്‍പിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്‌സ് വിഷ്ണുവില്‍ നിന്ന് നേരിട്ടത്. നഗ്‌നനാക്കി മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചു. ഇക്കഴിഞ്ഞ 22 ആം തീയതി ശശിധരന്‍പിള്ളയ്ക്ക് വീണു പരിക്ക് പറ്റിയെന്ന വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്‌സ് അറിയിച്ചത്. ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ബിഎസ്എഫില്‍ നിന്ന് വി.ആര്‍.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരന്‍പിള്ള അള്‍ഷിമേഴ്‌സ് രോഗ ബാധിതനാണ്. ഒന്നര മാസം മുന്‍പാണ് ഏജന്‍സി വഴി വിഷ്ണുവിനെ ഹോം നഴ്‌സായി ജോലിക്ക് നിര്‍ത്തിയത്. ഹോംനേഴ്‌സ് വിഷ്ണുവിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊടുമണ്‍ പോലീസ് അറിയിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K