30 November, 2023 10:54:47 PM


യു.എൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം: നഷ്ടപരിഹാര ഫണ്ട് ലോകബാങ്ക് കൈകാര്യം ചെയ്യണം



അബുദാബി: ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 28' യുഎഇയിൽ ആരംഭിച്ചു. ഉച്ചകോടിയുടെ ആദ്യദിവസം തന്നെ നഷ്ടപരിഹാര ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കരടു നിർദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ വികസിത രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും ഈ ഫണ്ട് ലോകബാങ്ക് കൈകാര്യം ചെയ്യണം എന്നുമാണ് നിർദേശത്തിൽ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നേരിടുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്കായുള്ള നഷ്ടപരിഹാര ഫണ്ടിന്റെ കാര്യത്തില്‍ കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിലാണ് ധാരണയായത്. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ ട്രാൻസിഷണൽ കമ്മിറ്റി (ടിസി) അബുദാബിയിൽ യോഗം ചേർന്നിരുന്നു. യോ​ഗത്തിൽ സംസാരിച്ച കാര്യങ്ങൾ രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിലും ചർച്ച ചെയ്യും.

വികസ്വര രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ധനസഹായം നൽകുന്നതും പരിഹരിക്കുന്നതും തുടരാൻ വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുന്നതു കൂടിയാണ് പുതിയ കരടുരേഖ. ഇതിനുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുന്നതിന് നേതൃത്വം നൽകാനും കരടു നിർദേശത്തിൽ പറയുന്നു. ഈ നഷ്ടപരിഹാര ഫണ്ടിനുള്ള മൂലധനം ആദ്യം തന്നെ കണ്ടെത്തണമെന്നും എങ്കിൽ മാത്രമേ ഒരു ദുരന്തമുണ്ടാകുമ്പോൾ അത് ആവശ്യാസ്യാനുസരണം വിതരണം ചെയ്യാനാകൂ എന്നും വിദഗ്ധർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറെ അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യയും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K