02 February, 2024 09:30:18 AM


ട്രെയിനിൽ കയറുന്നതിനിടെ അപകടം; പാലക്കാട് 62കാരിയുടെ ഇരുകാലുകളും അറ്റു



പാലക്കാട് : ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണ വയോധികയുടെ ഇരുകാലുകളും അറ്റു. അഗളി സ്വദേശി മേരിക്കുട്ടി (62) യുടെ കാലുകളാണ് മുറിഞ്ഞുപോയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 9.25നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മേരിക്കുട്ടിയുടെ മകന്റെ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനുവേണ്ടി മകനും ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു മേരിക്കുട്ടി. അമൃതാ എക്സ്പ്രസിലാണ് യാത്രചെയ്യാനിരുന്നത്.

ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയതോടെ മകൻ ആദ്യം തീവണ്ടിയിൽ കയറി. പിന്നാലെ, പ്ലാറ്റ്ഫോമിൽനിൽക്കുകയായിരുന്ന മേരിക്കുട്ടിയെ തീവണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിതുടങ്ങുകയായിരുന്നു. ഇതോടെ മേരിക്കുട്ടി കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K