02 February, 2024 05:39:13 PM


പാലക്കാടിന്‍റെ തനത് താളപാരമ്പര്യവുമായി 'സ്വരം 2k24' പാട്ടുത്സവം; 1230 വനിതകള്‍ പങ്കെടുത്തു



പാലക്കാട്: കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച തിരികെ സ്‌കൂള്‍ ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ 1230 വനിതകളുടെ സ്വരം 2സ24 പാട്ടുത്സവം മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിച്ചു. 10 മണിക്കൂര്‍ തുടര്‍ച്ചയായി ഗാനമാലപിച്ച് കൊണ്ട് ലോക റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടാനൊരുങ്ങുന്നതാണ് പാട്ടുത്സവം. അഭിനയത്തിലൂടെയും ഗോത്രഭാഷാ ഗാനങ്ങളുടെ ആലാപനത്തിലൂടെയും ഗോത്രനൃത്തങ്ങളിലൂടെയും ജനഹൃദയങ്ങളെ കീഴടക്കിയ അട്ടപ്പാടിയിലെ വടുകിയമ്മയുടെ ചടുലതയാര്‍ന്ന ഗാനങ്ങള്‍ ഉദ്ഘാടന വേദിയെ ആവേശമുഖരിതമാക്കി. ജില്ലയിലെ പ്രായം ചെന്ന കുടുംബശ്രീ അംഗമായ വള്ളിക്കുട്ടി അമ്മയെ പൊന്നാടയണിച്ച് ആദരിച്ചു. ചിറ്റൂര്‍ തത്തമംഗലം സി.ഡി.എസ് പരിധിയിലെ ദര്‍ശിനി കുടുംബശ്രീ അംഗമാണ് 91 വയസുള്ള വള്ളിക്കുട്ടിയമ്മ.

ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 97 സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും എസ്.വി.ഇ.പി അംഗങ്ങളും കുടുംബശ്രീ മിഷന്‍ ജീവനക്കാരും പാട്ടുത്സവത്തിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീത്ത അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഗിന്നസ് സത്താര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ സബിത മധു എന്നിവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K