03 February, 2024 11:31:07 AM


പള്ളി പെരുന്നാളിനിടെ പടക്കം ബൈക്കിൽ വീണ് തീപിടിച്ച് പൊള്ളലേറ്റ യുവാവ് ചികിത്സക്കിടെ മരിച്ചു



തൃശൂർ : പടക്കംപൊട്ടി ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്ത്(25 )ആണ് മരിച്ചത്. 

ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം റോഡിൽവെച്ച് പൊട്ടിച്ച ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. പരിസരത്തെ കടയിലേയ്ക്കും തീ പടര്‍ന്നു.

കഴിഞ്ഞ മാസം 27ന് ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം.

അമ്പ് പെരുന്നാൾ റാസയ്ക്കിടെ പടക്കം പൊട്ടിച്ചിരുന്നു. അമ്പ് കടന്നുവരുന്ന വഴിയിൽ കോഴിയിറച്ചി വാങ്ങാനെത്തിയതായിരുന്നു മൂലേങ്ങാട്ട് വീട്ടിൽ ശ്രീകാന്ത്. ചിക്കൻ ഓഡർ ചെയ്ത് ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കത്തിച്ച പടക്കം തെറിച്ച് ബൈക്കിൽ വീണ് തീ പിടിക്കുകയായിരുന്നു. 

തീപിടുത്തത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് കത്തി നശിച്ചു. ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ അണച്ചു. പരിക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K