30 November, 2023 11:04:17 PM


വർക്ക് വിസ പുതുക്കൽ: ഡിസംബർ മുതൽ പുതിയ പദ്ധതിയുമായി അമേരിക്ക



ന്യൂയോര്‍ക്ക്: ചില വിഭാഗങ്ങളിലെ എച്ച്-വണ്‍ ബി വിസകള്‍ ആഭ്യന്തരമായി പുതുക്കുന്നതിനുള്ള പദ്ധതി ഡിസംബറില്‍ നടപ്പാക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐടി, സാങ്കേതികവിദ്യാ മേഖലകളില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇതു ഗുണം ചെയ്യും. സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസ പദ്ധതിയാണ് എച്ച്-വണ്‍ ബി വിസ.

ഓരോ വര്‍ഷവും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസിലെ ടെക് കമ്പനികള്‍ എച്ച്-വണ്‍ ബി വിസയെയാണ് ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ച വേളയില്‍ വൈറ്റ് ഹൗസിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ക്കു ശേഷമാണ് ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയില്‍ 20,000 പേരെ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ വിസയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ആറ്, എട്ട്, അല്ലെങ്കില്‍ 12 മാസത്തെ കാത്തിരിപ്പ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ സര്‍വീസ് വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലി സ്റ്റഫ് പറഞ്ഞു.

ഡിസംബറില്‍ തുടങ്ങുന്ന പദ്ധതി മൂന്ന് മാസം നീളും. യുഎസിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന 20000 വിദേശ പൗരന്മാര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ നല്‍കും. ''ആദ്യ ഘട്ടത്തില്‍ 20000 പേര്‍ക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. അവയില്‍ ഏറിയ പങ്കും യുഎസില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരന്മാർക്കായിരിക്കും. പതിയെ പദ്ധതി വികസിപ്പിക്കും. യുഎസിലെ സ്കിൽഡ് ജീവനക്കാരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ് എന്നതാണ് ഇതിന് കാരണം. ഈ പദ്ധതിയിലൂടെ ഇന്ത്യക്ക് ഏറെ മെച്ചമുണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ വിസ പുതുക്കുന്നതിനായി ജീവനക്കാര്‍ ഇന്ത്യയിലേക്ക് തിരികെപ്പോകേണ്ടതില്ല. പുതിയ അപേക്ഷകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും,'' ജൂലി സ്റ്റഫ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K