10 February, 2024 01:16:25 PM


പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസ്; പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി



നേമം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ ഇന്നലെ  വൈകിട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. 

സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ വാങ്ങാൻ പൂജപ്പുര പൊലീസ് അപേക്ഷ നൽകിയത്. മുഖ്യപ്രതിയായ അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. 

അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. ഇന്നലെ അമൽജിത്തിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്. 

അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടിരുന്നു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ സഹോദരന് ജോലി കിട്ടാനായി അനുജൻ പരീക്ഷ എഴുതാന്‍ എത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയം. സംഭവത്തില്‍ രണ്ട് പേരെയും ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K