06 September, 2024 12:27:20 PM


ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ചു; അകന്ന് കഴിയുന്ന ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ



കൽപ്പറ്റ: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലൻ(30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോൾ ഇയാൾ കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു. 

കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. നിരന്തര മദ്യപാനവും ശാരീരിക ഉപദ്രവവും ചീത്തവിളിയും കാരണമാണ് യുവതി ബാലനില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്നത്. വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുളള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. മുമ്പ് പല തവണ ബാലന്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946