28 August, 2024 09:20:36 AM
കോഴിക്കോട് മുഷിഞ്ഞ തുണി മുറിയിൽവെച്ചതിനെ ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു
കോഴിക്കോട്: മുഷിഞ്ഞവസ്ത്രം മുറിയിൽ വെക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനെ സഹപ്രവർത്തകൻ ആക്രമിച്ചു. അക്രമത്തിനിടെ കുപ്പിച്ചില്ല് തറച്ചുകയറി യുവാവിന് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലിൽ വെച്ചാണ് അന്യ സംസ്ഥാന തൊഴിലാളികളായ രണ്ടുപേർ ഏറ്റുമുട്ടിയത്. പശ്ചിമബംഗാൾ മാൾഡ ഹരിചന്ദ്രപൂർ കാരിയാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ആക്രമിക്കപ്പെട്ടത്.
ശ്വാസകോശത്തിലേക്ക് ചില്ല് തുളച്ച് കയറിയതിനെത്തുടർന്നുണ്ടായ ആഴത്തിലുള്ള മുറിവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തുന്നിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ത്ധാർഖണ്ഡിലെ ഗിരിഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജ (22) യെ കസബ എസ്.ഐ. ജഗ്മോഹൻ ദത്തനും സംഘവും അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ജോലിചെയ്തുമുഷിഞ്ഞവസ്ത്രം ഗുലാം അഹമ്മദ് രാജയുടെ മുറിയിൽ വെച്ചുവെന്നതിനെച്ചൊല്ലിയാണ് അക്രമം ഉണ്ടായത്. കുത്തേറ്റ് രക്തംതെറിച്ചതോടെ ഹോട്ടലിലെ മറ്റുജീവനക്കാരും ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ ഒരു സ്വകാര്യാശുപത്രിയിൽ എത്തിച്ച് മുങ്ങി.
വിവരമറിെഞ്ഞത്തിയ പോലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഫോട്ടോയെടുത്തു. ഈ ഫോട്ടോകൾ ആശുപത്രിയിലുള്ള ഖലീൽ റഹ്മാനെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കസബ സ്റ്റേഷനിലെ ഹോംഗാർഡ് സുരേഷ് കുമാറിന്റെ സഹായത്തോടെയാണ് ഇവരുമായുള്ള ആശയവിനിമയം വേഗത്തിൽ സാധ്യമായതെന്ന് പോലീസ് അറിയിച്ചു.