07 September, 2024 11:45:35 AM


സൗഹൃദം സ്ഥാപിക്കും, സയനൈഡ് കലക്കിയ പാനിയം നൽകി കൊലപ്പെടുത്തും, പിന്നെ മോഷണം; മൂന്നംഗ സംഘം അറസ്റ്റിൽ



അമരാവതി: അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് 'സീരിയൽ കില്ലേർസ്' എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

ജൂണില്‍ കൊല്ലപ്പെട്ട നാഗൂര്‍ ബി എന്ന യുവതിയാണ് ആദ്യത്തെ ഇര. മറ്റ് രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ പ്രതിയായ വെങ്കിടേശ്വരി അപരിചിതയല്ല. ഇവര്‍ തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്. ശേഷം കംബോഡിയയിലേക്ക് പോകുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

പ്രതികളുടെ കയ്യിൽ നിന്ന് സയനൈഡും മറ്റു വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. അവര്‍ക്ക് വിഷം നല്‍കിയ ആളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം സ്ത്രീകള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അപരിചിതരുമായി എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K