11 September, 2024 10:34:57 AM


മാലപൊട്ടിക്കാൻ ശ്രമം: അമ്മയും മകനും സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണു, പിന്തുടർന്നയാളെ കൊല്ലാൻ ശ്രമം



നെടുമങ്ങാട്: സ്കൂട്ടറിൽ പിന്നാലെയെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് അമ്മയും മകനും സ്കൂട്ടറിൽനിന്നു തെറിച്ചുവീണു. മോഷ്ടാവിനെ ബൈക്കിൽ പിന്തുടർന്ന് പിടിക്കാൻശ്രമിച്ച യുവാവിനു നേരേ മോഷ്ടാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ കള്ളൻ ബൈക്ക് ഉപേക്ഷിച്ച് ആറ്റിൽച്ചാടി രക്ഷപ്പെട്ടു. പിന്തുടർന്ന ബന്നറ്റ് എന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. 

നെടുമങ്ങാട് കൊല്ലംകാവ് ദേവി ഭവനിൽ സന്തോഷിന്റെ ഭാര്യ സുനിത ആനാട് എസ്.എൻ. വി.സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിയായ മകനെ പരീക്ഷ കഴിഞ്ഞ്‌ സ്കൂട്ടറിൽ വിളിച്ചു കൊണ്ടുവരുന്നതിനിടെ പുത്തൻപാലം പനയഞ്ചേരിയിൽവെച്ചായിരുന്നു സംഭവം. ആനാടുമുതൽ ഇവരെ ബൈക്കിൽ പിന്തുടർന്ന് വന്നയാൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. കഴുത്തിൽനിന്നു മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. സുനിതയും മകനും റോഡിൽവീണു. ഇതുകണ്ട് മോഷ്ടാവിന്റെ ബൈക്കിനെ വേട്ടമ്പള്ളി സ്കൂളിനു സമീപം താമസിക്കുന്ന കോട്ടയം സ്വദേശി ബന്നറ്റ് ബൈക്കിൽ പിന്തുടര്‍ന്നു. പഴകുറ്റി കഴിഞ്ഞ് കല്ലമ്പാറയിൽവെച്ച്‌ ബൈക്കിൽ പിന്തുടർന്ന ബന്നറ്റ് ഇയാളെ പിടികൂടി. ഇതിനിടയിൽ പ്രതി കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ബന്നറ്റിന്റെ ശരീരത്തിൽ ഒഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചു. ഓടിയെത്തിയ നാട്ടുകാർ തട്ടിമാറ്റിയതിനെത്തുടർന്നാണ് ബന്നറ്റ് രക്ഷപ്പെട്ടത്. 

നാട്ടുകാർ ഓടിക്കൂടുന്നതിനിടെ മാലപൊട്ടിക്കാൻ ശ്രമിച്ച കള്ളൻ സമീപത്തെ കിള്ളിയാറ്റിൽച്ചാടി രക്ഷപ്പെട്ടു. ഇയാളുടെ ഫോണും ബൈക്കും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതനുസരിച്ച് മധുര സ്വദേശിയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി വൈകി തമ്പാനൂരിൽനിന്നു പുറപ്പെടുന്ന തീവണ്ടിയിൽ ഇയാൾ രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് നെടുമങ്ങാട് പോലീസ് തമ്പാനൂരിലും പരിസരങ്ങളിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K