30 August, 2024 10:06:09 AM


വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ



മലപ്പുറം: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറം മഞ്ചേരിയിൽ ഒരാൾ വനം വകുപ്പിന്‍റെ പിടിയിലായി. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലി ആണ് 66 കിലോ ചന്ദനവുമായി പിടിയിലായത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ ചന്ദനം സൂക്ഷിച്ചിരുന്നത്. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലിൽ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയത്.

മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് ഇത്. മഞ്ചേരിയിലെ ചന്ദനമാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാൾ ആണ് അസ്ക്കർ അലിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ജൂൺ നാലിനാണ് സേലത്ത് 1200 കിലോ ചന്ദനവുമായി ആറ് പേർ തമിഴ്നാട്ടിൽ പിടിയിലായത്. മറയൂരിൽ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറംഗ സംഘം അന്ന് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർക്ക് കൈമാറി, അദ്ദേഹത്തിനാണ് കേസിൽ തുടർ അന്വേഷണ ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936