07 December, 2023 03:58:03 PM
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മെമ്മറി കാർഡ് അനധികൃതമായി ആരോ പരിശോധിച്ചതിനാൽ ഹാഷ് വാല്യു മാറിയതായി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് വിധി. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും കേസിലെ പ്രതിയായ നടൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി മുഖവിലക്കെടുത്തില്ല.
സെഷൻസ് ജഡ്ജി അന്വേഷണം നടത്തണം. അന്വേഷണത്തിനായി പൊലീസ് അടക്കം ഏത് ഏജൻസിയുടെയും സഹായം തേടാം. ഒരു മാസത്തിനുള്ളിൽ എറണാകുളം സെഷൻസ് കോടതി അന്വേഷണം പൂർത്തിയാക്കണം. പരാതിയുണ്ടെങ്കിൽ നടിക്ക് ഒരു മാസത്തിനു ശേഷം വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി സമർപ്പിച്ചത്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കേ 2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.