15 February, 2024 09:08:21 PM


ആലപ്പുഴയിൽ പോലീസിനെ സംഘം ചേർന്ന്​ ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു



ആലപ്പുഴ:  ഉത്സവസ്ഥലത്ത്​ മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന്​ ആക്രമിച്ച്​ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി വെറുതെവിട്ടു. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട്​ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ്​ സംഘത്തെ മാരയാധുങ്ങൾ കാട്ടി തടഞ്ഞുനിർത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.

2008ലാണ്​ കേസിനാസ്പദമായ സംഭവം. മൂന്ന്​ പോലീസുകാർക്കാണ്​ പരിക്കേറ്റത്​. ഗുരുതര പരി​ക്കേറ്റ പോലീസുകാരൻ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ്​ പ്രോസിക്യൂഷൻ കേസ്​. പ്രതികൾക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടുവെന്ന്​ കണ്ടെത്തിയാണ്​ കുറ്റാരോപിതരെ വെറുതെവിട്ടത്​. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പി.റോയ്​, ബി.ശിവദാസ്​, ജി. പ്രിയദർശൻ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവർ ഹാജരായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K