18 February, 2024 05:31:28 PM


ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ



പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൂക്കം വഴിപാടിനിടെ മുകളില്‍ നിന്ന് താഴേ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവത്തില്‍ ആരും പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K