27 February, 2024 10:43:59 AM


തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; 3 മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍



പത്തനംതിട്ട: പത്തനംത്തിട്ടയില്‍ തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി.

ജനുവരി 20ന് പള്ളിക്കല്‍ പഞ്ചായത്തിലെ 20ആം വാര്‍ഡിലാണ് സംഭവം. മൂന്ന് സൈറ്റുകളില്‍ നിന്നായി എഴുപതോളം തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍എംഎംഎസ് മുഖേനയും മസ്റ്റര്‍ റോള്‍ വഴിയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു പരാതി. തൊഴിലുറപ്പ് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാര്‍ ഉള്‍പ്പെടെയാണ് ഹാജര്‍ രേഖപ്പെടുത്തി ജോലി ചെയ്യാതെ മനുഷ്യ ചങ്ങലയ്ക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് വ്യക്തമായി. എന്നിട്ടും ആരോപണവിധേയരായ മേറ്റുമാരെ ട്രെയിനിംഗില്‍ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം പ്രവൃത്തി ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാര്‍ പരാതി നല്‍കുകയുണ്ടായി. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വാര്‍ഡ് മെമ്പറുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിംഗിന് പോകേണ്ട മേറ്റുമാരുടെ പട്ടിക തയ്യാറാക്കിയതെന്നും ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയിലുണ്ട്. പരാതിക്കാര്‍ക്ക് മറ്റ് അയോഗ്യതകള്‍ ഒന്നുമില്ലെങ്കില്‍ ട്രെയിനിംഗ് നല്‍കണമെന്ന് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K