29 February, 2024 10:25:49 AM
കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
ഹരിപ്പാട് : ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം. കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന കുമ്പളത്ത് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ കൊട്ടാരക്കര നെടുവത്തൂർ രശ്മി നിവാസിൽ സജീവ് ( 26), തൃക്കുന്നപ്പുഴ കോട്ടെമുറി വാലയിൽ ഷാനവാസ്( 25) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് 12:30 യോടെ വലിയഴിക്കൽ പാലത്തിൽ വച്ചാണ് സംഭവം. തോട്ടപ്പള്ളിയിൽ നിന്ന് തീരദേശ റോഡ് വഴി കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് അക്രമം നടന്നത്. കെഎസ്ആർടിസി ബസിന് പിന്നിൽ വരികയായിരുന്നു സ്വകാര്യ ബസ് വലിയ്ക്കൽ പാലത്തിൽ വെച്ച് കെഎസ്ആർടിസി ബസിനെ മറികടന്ന് എത്തുകയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് ജാക്കി ലിവർ ഉപയോഗിച്ച് ബസിന്‍റെ മുൻവശത്തെ ഗ്ലാസും, വലതു ഭാഗത്തെ കണ്ണാടിയും അടിച്ചു തകർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെരുമ്പള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ഇരു ബസുകാരും തമ്മിൽ തർക്കം നടന്നിരുന്നു. കെഎസ്ആർടിസി ബസ്സിന് ഉണ്ടായ കേടുപാടും യാത്ര മുടങ്ങിയതിലുള്ള നഷ്ടവും ചേർത്ത് 16,500 രൂപയുടെ നാശ നഷ്ടം ഉണ്ടായതായി ബസ് ജീവനക്കാർ പറഞ്ഞു.