06 March, 2024 04:19:52 PM
പട്ടാമ്പി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയാലിൽ സജിൻ രാജ് (33) ആണ് മരിച്ചത്. പട്ടാമ്പി റെസ്റ്റ് ഹൗസിൽ ഈ മാസം 4 മുതൽ രണ്ട് ദിവസത്തേക്ക് മുറിയെടുത്താണ് ഇയാൾ താമസം തുടങ്ങിയത്. ഇന്ന് രാവിലെ റെസ്റ്റ് ഹൗസ് ജീവനക്കാരൻ റൂമിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ നിന്നും വിഷപദർത്ഥം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും മദ്യക്കുപ്പികളും വെള്ളത്തിന്റെ കുപ്പിയും കണ്ടെത്തി. ഫാനിനോട് ചേർന്ന് മേൽക്കൂരയിലെ കൊളുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കുരുക്കിട്ടിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.