07 March, 2024 10:58:46 AM
പതിനഞ്ചാമത്തെ വയസില്‍ 'ഗര്‍ഭിണി'യായി; മീനയെ കുറിച്ച് രാജ് കിരണ്‍ സംസാരിക്കുന്നു
ചെന്നൈ: നാല് വയസ് മുതല്‍ നാല്‍പത് വയസും കഴിഞ്ഞിട്ടും അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി മീന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീനയുടെ അഭിമുഖങ്ങളും അതിലൂടെ നടി പങ്കുവെക്കുന്ന കാര്യങ്ങളുമൊക്കെയാണ് വൈറലാകുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടിയെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. വീണ്ടും മലയാള സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് നടിയിപ്പോള്‍. ഇതിനിടയില്‍ നടി മീനയോടൊപ്പം 'എന്‍ രസവിന്‍ മനസ്സിലെ' എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടന്‍ രാജ്കിരണ്‍. അന്ന് മാഗസിനില്‍ കണ്ട മീനയുടെ ഫോട്ടോ കണ്ടിട്ടാണ് നായികയായി വിളിച്ചതെന്നാണ് താരം പറയുന്നത്.
1990-ല്‍ പുറത്തിറങ്ങിയ 'ഒരു നയ്യ ഗീത' എന്ന ചിത്രത്തിലൂടെയാണ് മീന തമിഴ് സിനിമാലോകത്ത് നായികയായി അരങ്ങേറ്റം കുറിച്ചത്. അതിന് മുന്‍പ് ബാലതാരമായി നടി അഭിനയിച്ചിരുന്നു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി മീന അഭിനയിച്ചു. തൊണ്ണൂറുകളില്‍ പലരുടെയും സ്വപ്ന സുന്ദരിയായി നടി മാറുകയും ചെയ്തിരുന്നു.
രജനി, കമല്‍, അജിത്, മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം നടി അഭിനയിച്ചിരുന്നു. ഇപ്പോഴും സൂപ്പര്‍താരങ്ങളുടെ നായികയായി തന്നെ അഭിനയിക്കുകയാണ് മീന. നായിക എന്നതിനൊപ്പം തമിഴ് സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലൂടെയും മീന ശ്രദ്ധേയാകാറുണ്ട്.
നടിയുടെ 40 വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് പങ്കുവെക്കുന്നതിനായി പ്രമുഖരായ താരങ്ങളെ പങ്കെടുപ്പിച്ച് 'മീന 40' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ രജനികാന്ത് അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. ഇതേ വേദിയില്‍ വച്ചാണ് നടന്‍ രാജ്കിരണും മീനയെ പറ്റി സംസാരിച്ചത്. എന്‍ രാസവിന്‍ മനസ്സിലെ എന്ന സിനിമയിലേക്ക് നായികയെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഒരു വാരികയില്‍ മീനയുടെ ഫോട്ടോ കാണുന്നത്. അത് കണ്ടിട്ട് സംവിധായകനായ കസ്തൂരി രാജ നമ്മുടെ നായികയ്ക്ക് ഈ പെണ്‍കുട്ടി അനുയോജ്യമാകുമെന്ന് പറഞ്ഞത് നോക്കിയപ്പോള്‍ വളരെ ചെറിയൊരു പെണ്‍കുട്ടിയാണ്. ഈ പെണ്‍കുട്ടിക്ക് എങ്ങനെയാണ് അങ്ങനൊരു കഥാപാത്രം ചെയ്യാന്‍ സാധിക്കുക എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ സോളയമ്മ എന്ന കഥാപാത്രത്തിന് മീനയായിരിക്കും അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ ചിത്രീകരണം തുടങ്ങി അത് കഴിയുന്നത് വരെ മീന എന്നോട് മിണ്ടുകയോ എന്റെ അടുത്ത് വരുകയോ ചെയ്തിട്ടില്ല. എന്നെ കണ്ട് ഭയന്നിരിക്കുകയാണ് അവര്‍. മീനയുടെ അമ്മ പേടിക്കണ്ടെന്നും അയാള്‍ പാവമാണ്. കാണുന്നത് പോലൊരു സ്വഭാവമല്ലെന്നുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ പേടി അവസാനം വരെ മീനയ്ക്ക് ഉണ്ടായിരുന്നു എന്നും രാജ്കിരണ്‍ പറയുന്നു.
സത്യത്തില്‍ ആ സിനിമ മീന ചെയ്തത് കൊണ്ട് മാത്രമാണ് ഇത്രയും വലിയ വിജയമായത്. ആ കഴിവിന് അഭിനന്ദിച്ചേ മതിയാകു. അന്ന് മീനയ്ക്ക് പതിനഞ്ച് വയസേ ഉണ്ടാവുകയുള്ളു. ആ സമയത്ത് ഗര്‍ഭിണിയായ കഥാപാത്രമൊക്കെ ചെയ്യാന്‍ കഴിഞ്ഞു. ഇന്നത്തേത് പോലെ അന്ന് കാരവനൊന്നും ഇല്ല. ഒരു ദിവസം തന്നെ ഒരു പാട്ട് ചിത്രീകരിക്കണമെങ്കില്‍ അഞ്ചാറ് ലൊക്കേഷനും അതുപോലെ തന്നെ വസ്ത്രങ്ങളും മാറണം. ഒരു കാര്‍ നിര്‍ത്തിയിട്ടിട്ട് അതിന്റെ പിന്നില്‍ പോയി മറഞ്ഞ് നിന്നിട്ട് വേഗം വസ്ത്രം മാറി വരും. തൊഴിലിനോടുള്ള ഈ ഭക്തിയും സമര്‍പ്പണവുമൊക്കെ കാണിക്കാന്‍ കാരണം മീനയുടെ അമ്മയുടെ പിന്തുണയാണെന്നും നടന്‍ പറയുന്നു.