12 March, 2024 03:14:38 PM


'രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം നടത്തിയത്'; ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം



എറണാകുളം: കോതമംഗലം സംഘര്‍ഷത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതയല്ലേയെന്നും കോടതി ചോദിച്ചു.

കോതമംഗലത്ത് വയോധികയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തു. എന്നാല്‍ ഈ കേസുകള്‍ തന്നെ പീഡിപ്പിക്കുന്നതിന് വേണ്ടിയിട്ടാണെന്ന ആരോപണമുന്നയിച്ച് ഷിയാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ഷിയാസിനെതിരേ കോടതി ചോദ്യമുന്നയിച്ചത്.

രാഷ്ട്രീയനേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചത്, മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതയല്ലേ എന്നീ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. ഹര്‍ജി നല്‍കിയതിനെ സംബന്ധിച്ചും കോടതി വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു. തന്നെ പോലീസ് ഉപദ്രവിക്കുന്നു എന്നുപറഞ്ഞ് ഹര്‍ജി നല്‍കുന്നതിനേക്കാള്‍ നല്ലത് ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയല്ലേ എന്നും കോടതി ചോദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് കോടതി മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K