12 March, 2024 07:41:15 PM


സ്വര്‍ണം മോഷണം പോയി : കേരള ബാങ്കിന്‍റെ മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റിൽ


 
ചേർത്തല : പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.

ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു. 2023 ജൂണ്‍ ഏഴിന് ഇവരെ സര്‍വീസില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ പോലീസില്‍ പരാതിനല്‍കിയത്. ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളിൽ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനുകളിലായി നാലും സ്വര്‍ണ പണയ സ്വര്‍ണ മോഷണകേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്. ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടപെട്ടത്. ഇവിടെനിന്ന് 171.300 ഗ്രാം സ്വര്‍ണം നഷ്ടപെട്ടു. പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും അര്‍ത്തുങ്കലിൽ നിന്ന് ആറുഗ്രാമും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K