13 March, 2024 06:50:44 PM


കട്ടപ്പന ഇരട്ട കൊലപാതകം: തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം



ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കേസിൽ പ്രധാന പ്രതി നിതീഷ്, കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ എന്നിവരെ ഇന്നലെ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ കാലൊടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വിഷ്ണുവിനെ കൂടി ചോദ്യം ചെയ്താലേ കേസിൽ കൂടുതൽ വ്യക്തത വരു.

കട്ടപ്പന ഇരട്ടകൊലപാതക കേസിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ടാ വിമലാദിത്യ പ്രതി നിതീഷിനെ ചോദ്യം ചെയ്തിരുന്നു. നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സാഗര ജംങ്ഷനിലെ വീടും വിജയനെ കൊലപ്പെടുത്തിയ കക്കാട്ടുകടയിലെ വീടും ഡിഐജിയും സംഘവും പരിശോധിച്ച ശേഷമാണ് മടങ്ങിയത്. കക്കാട്ടുകടയിലെ വീട്ടിലെത്തിയ ഡിഐജി വിജയന്റേത് എന്ന് കരുതുന്ന മൃതദേഹം കുഴിച്ചിട്ട മുറി ഉൾപ്പെടെ പരിശോധിച്ചു. തുടർന്നാണ് എട്ടു വർഷങ്ങൾക്ക് മുമ്പ് വിജയന്റെ മകൾക്ക് ഉണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയ സാഗര ജംങ്ഷനിലെ വീട്ടിലും ഡിഐജി എത്തിയത്. കന്നുകാലി തൊഴുത്തിന് പുറമെ ഇവിടെയുള്ള വീടിനുള്ളിലും പരിശോധന നടത്തി. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷം കസ്റ്റഡിയിലുള്ള മുഖ്യപ്രതി നിധീഷിനെയും പുട്ട വിമലാദിത്യ ചോദ്യം ചെയ്തു. കന്നുകാലി കൂട്ടിൽ കുഴിച്ചിട്ട ജഡം സ്ഥലം വിറ്റപ്പോൾ പുറത്തെടുത്ത് കത്തിച്ചു കളഞ്ഞുവെന്നും, ബാക്കി അവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കിയെന്നുമാണ് പ്രതി  മുൻപ് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല എന്നാണ് സൂചന. 

ഡിഐജിക്ക് പുറമെ ഇടുക്കി എസ്പി റ്റികെ വിഷ്ണു പ്രദീപ്‌, ഡിവൈ.എസ്പി പിവി ബേബി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. നിതീഷും കൊല്ലപ്പെട്ട വിജയനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ എവിടെയെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ടാ വിമലദിത്യ കുറ്റകൃത്യം നടന്ന സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K