16 March, 2024 09:58:47 AM
ശുദ്ധസംഗീതത്തിന്റെ സുവർണ സൂര്യന്; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കസ്തൂരി മണമുള്ള ഗാനങ്ങൾ മലയാള മണ്ണിന് സമ്മാനിച്ച ചന്ദ്രകാന്തത്തിന് ഇന്ന് ശതാഭിഷേകം. ശ്രീകുമാരൻ തമ്പി എന്ന ശുദ്ധസംഗീതത്തിന്റെ സുവർണസൂര്യന് മുന്നിൽ സാംസ്കാരിക ലോകവും ആയിരം പൂർണചന്ദ്രന്മാരും ഇന്ന് നമ്രശിരസ്കരാകും. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ഹരിപ്പാടാണ് ജനനം. എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം 1965ൽ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായി സർക്കാർ സർവിസിൽ പ്രവേശിച്ചു. 1966ൽ 'കാട്ടുമല്ലിക' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചനയിൽ ഹരിശ്രീ കുറിച്ചു.
ജോലിയിലിരുന്ന് കലാപ്രവർത്തനം നടക്കില്ലെന്ന് മേലധികാരികൾ അറിയിച്ചതോടെ 1966ൽ സർക്കാർ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞു. സിനിമഗാനശാഖയിലേക്കുള്ള തമ്പിയുടെ വരവിനെ പലരും നിരുത്സാഹപ്പെടുത്തി. കുഞ്ഞേ, നീ ഇവിടെ വന്ന് എന്ത് ചെയ്യാനാണ്. സമയം കളയാതെ പോയി അറിയാവുന്ന പണി നോക്ക്. ഇവരെയൊക്കെ നിനക്ക് തൊടാൻ പറ്റോ -ജോലി ഉപേക്ഷിച്ചെത്തിയ തമ്പിയോട് ഒരിക്കൽ തോപ്പിൽ ഭാസി ചോദിച്ചു. തന്റേടിയായ ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞത് വാക്കുകൾ കൊണ്ടല്ല, അക്ഷരങ്ങൾ കൊണ്ടായിരുന്നു.
എഴുതാൻ വൈകിയ ചിത്രകഥപോലെ മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ പിന്നീട് ആ തൂലികയിൽനിന്ന് അടർന്നുവീണു. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിയ അദ്ദേഹം വയലാറിനും പി. ഭാസ്കരനുമൊപ്പം മലയാള ചലച്ചിത്രഗാന ശാഖ ഭരിച്ചു. 1974ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ സീരിയൽ നിർമാതാവ് എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.
ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചിച്ചു. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 'കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെ'ന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു.