12 December, 2023 11:15:05 AM


സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡായി ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‍കരണാഹ്വാനം



ഗസ്സ: ഗസ്സയില്‍ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിനോടുള്ള പ്രതിഷേധമായി ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‍കരിക്കണമെന്ന ആഹ്വാനം സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡ് ആകുന്നു. എക്സ്, ടിക് ടോക്, വാട്സാപ് കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ ബഹിഷ്‍കരണാഹ്വാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. 

ബഹിഷ്‍കരിക്കേണ്ട ഉല്‍പന്നങ്ങള്‍ കണ്ടെത്താൻ വിവിധ ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഹംഗറിയില്‍ കഴിയുന്ന ഫലസ്തീനിയായ അഹ്മദ് ബഷ്ബഷ് രൂപകല്‍പന ചെയ്ത 'No Thanks' ആപ് വലിയ പ്രചാരം നേടി. നവംബര്‍ 13ന് പുറത്തിറക്കിയ ഈ ആപ്പ് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ബാര്‍കോഡ് സ്കാൻ ചെയ്താല്‍ ഇസ്രായേല്‍ ഉല്‍പന്നമാണെങ്കില്‍ 'നോ താങ്ക്സ്' എന്ന് ചുവപ്പുനിറത്തില്‍ കാണിക്കുന്ന വിധത്തിലാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. https://www.boycotzionism.com/ എന്ന വെബ്സൈറ്റില്‍ ബഹിഷ്‍കരിക്കേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്. 

അഡിഡാസ്, ഏരിയല്‍, ആമസോണ്‍, കാരിഫോര്‍, ബര്‍ഗര്‍ കിങ്, കൊകൊ കോള, ഡെല്‍, ഡിസ്നി, ഡൗ, ഫന്റ, ഗില്ലെറ്റ്, ഹെഡ് ആൻഡ് ഷോള്‍ഡര്‍, എച്ച്‌ ആൻഡ് എം, എച്ച്‌.പി, ഇന്റല്‍, കെ.എഫ്.സി, ലെയ്സ്, ലിപ്ടണ്‍, എല്‍ ഒറീല്‍, മക്ഡൊണാള്‍, മെഴ്സിഡസ് ബെൻസ്, മൗണ്ടെയ്ൻ ഡ്യൂ, മാക്, നെസ്കഫെ, ഒറിയോ, ഓറല്‍ ബി, പാമ്ബേഴ്സ്, പെപ്സി, പിസ ഹട്ട്, പ്യൂമ, സീമെൻസ്, സ്നിക്കേഴ്സ്, സ്പ്രൈറ്റ്, സ്റ്റാര്‍ ബക്സ്, വാള്‍മാര്‍ട്ട്, വാള്‍ട്ട് ഡിസ്നി, സാറ, സെവൻ അപ്, 5 സ്റ്റാര്‍, അജിനോമോട്ടോ, ബ്ലൂംബെര്‍ഗ്, ബോണ്ടി തുടങ്ങി ചിരപരിചിതമായതും അല്ലാത്തതുമായ നിരവധി കമ്ബനികള്‍ ബഹിഷ്‍കരിക്കേണ്ട പട്ടികയിലുണ്ട്.

ഇസ്രായേലിനെ പിന്തുണക്കുന്ന കോര്‍പറേറ്റുകളുടെ ബിസിനസില്‍ ഇതിനകം ബഹിഷ്‍കരണം പ്രതിഫലിച്ചിട്ടുണ്ട്. സ്റ്റാര്‍ ബക്സിന് മാത്രം 1300 കോടി ഡോളറിന്‍റെ (ഒരു ലക്ഷം കോടിയിലധികം രൂപ) നഷ്ടമുണ്ടായി. ഇസ്രായേലി കമ്ബനികളെയും അവര്‍ക്ക് സാമ്പത്തിക സാങ്കേതിക പിന്തുണ നല്‍കുന്ന കമ്പനികളെയുമാണ് ബഹിഷ്‍കരിക്കാൻ വിവിധ സംഘടനകളും മറ്റും ആഹ്വാനം ചെയ്തിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K