20 March, 2024 03:36:12 PM


സുരേഷ് ​ഗോപിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാം- ഗോപിയാശാൻ



തൃശൂര്‍: എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും, തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയ്ക്ക് എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപെട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കലാമണ്ഡലം ഗോപി ഫേസ് ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ

'സുരേഷ് ഗോപി ഒരു കലാകാരനാണ്. അദ്ദേഹം രാഷ്ട്രീയക്കാരനായത് ഇപ്പോഴാണ്. ഞാനും ഒരു കലാകാരനാണ്. കലാകാരന്മാര്‍ തമ്മിലുള്ള സ്‌നേഹത്തെ അളന്ന് വിലവെയ്ക്കാന്‍ കഴിയില്ല. സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരൊക്കെയായി വലിയ അടുപ്പമുണ്ട്. സുരേഷ് ഗോപിയെ വിഷമിപ്പിക്കുന്ന ഒന്നും തന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. ഒരു ഡോക്ടര്‍, ആ ഡോക്ടറുടെ പേരെനിക്ക് അറിയില്ല. അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു സുരേഷ് ഗോപി വരും അദ്ദേഹത്തെ ഒന്ന് അനുഗ്രഹിച്ചേക്കണം, ആങ്ങേയ്ക്ക് പത്മഭൂഷൺ വേണ്ടേ? എന്ന്. സുരേഷ് ഗോപിയെ അനുഗ്രിച്ചിട്ട് എനിക്ക് പത്മഭൂഷണ്‍ വേണ്ട എന്നു ഞാന്‍ മറുപടി പറഞ്ഞു. പത്മഭൂഷണ്‍ കിട്ടിയില്ല എന്നു വെച്ച് എനിക്ക് സങ്കടവുമില്ല, കിട്ടിയാല്‍ വേണ്ടെന്ന് പറയുകയുമില്ല. കിട്ടാന്‍ വേണ്ടി ആരോടും ശുപാര്‍ശ ചെയ്യില്ലെ'ന്നും കലാമണ്ഡലം ​ഗോപി വ്യക്തമാക്കി.

'പത്മഭൂഷനു വേണ്ടി സുരേഷ് ​ഗോപിയെ അനു​ഗ്രഹിക്കണം എന്നു പറഞ്ഞത് മകനെയും വേദനിപ്പിച്ചു. ആ സങ്കടത്തിലാണ് മകൻ രഘു ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടത്. പത്മഭൂഷണ്‍ കിട്ടാനായി സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആ ഡോക്ടര്‍ പറയാന്‍ പാടില്ലായിരുന്നു. ആ വാക്ക് എനിക്ക് മാത്രമല്ല സുരേഷ് ഗോപിക്കു കൂടി അപമാനമായി തീരുകയാണ് ചെയ്തത്. ഇത് എന്റെ മകനും വിഷമം ആയി. ഈ കാര്യങ്ങളൊക്കെയാണ് ആ ഫെയ്‌സ്ബുക്ക് കുറിപ്പിന് കാരണം. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് മകനോട് ഞാൻ പറഞ്ഞതോടെയാണ് ആ പോസ്റ്റ് പിന്‍വലിച്ചത്' എന്നും കലാമണ്ഡലം ​ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ വരാന്‍ ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ല. സുരേഷ് ഗോപിയെ ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. സുരേഷ് ഗോപി മുന്‍പും വീട്ടില്‍ വന്നിട്ടുണ്ട്. സന്തോഷത്തോടെയാണ് തിരിച്ച് പോയത്. ഇനിയും എപ്പോൾ വേണമെങ്കിലും വീട്ടിലേയ്ക്ക് വരാം. എന്നെ സ്‌നേഹിക്കുന്ന ആർക്കും എന്നെ കാണാന്‍ എപ്പോഴും വരാം. ഇനി ഈ വിഷയത്തില്‍ വിവാദം ആവശ്യമില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്നും കലാമണ്ഡലം ​ഗോപി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K