12 December, 2023 05:28:11 PM
നിമിഷപ്രിയയുടെ അമ്മയ്ക്ക് യമനിലേക്കു പോകാന്‍ ഡൽഹി ഹൈക്കോടതിയുടെ അനുമതി
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് ആശ്വാസ വിധിയുമായി ഡൽഹി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി നേരത്തെ ഇവർ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അനുകൂല വിധി. ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് എന്തിനു തടയുന്നു എന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. എന്നാൽ വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്.
യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശിയും അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച 2 മലയാളികളുടെ വിവരങ്ങളും നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരത്തെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയാറായവരുടെ സത്യവാങ്മൂലവും മോചന ശ്രമങ്ങള്‍ക്കായി യെമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലവും സമർപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ച ശേഷമാണ് ഇപ്പോൾ കോടതിയുടെ അനുകൂല വിധി.