30 November, 2023 09:39:55 PM
കൊല്ലത്ത് ഇസ്രായേൽ യുവതി കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
കൊല്ലം: ഇസ്രായേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് (75) സ്വത്വയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കോടാലിമുക്കിലായിരുന്നു സംഭവം. സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദു വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതായി കണ്ടത്. കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതുമാണ് ഇവർ കണ്ടത്. തുടർന്ന് ഇവർ അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വായേയും കൃഷ്ണചന്ദ്രനെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സ്വത്വയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും വിദഗ്ധ ചികിൽസക്കായി കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി സംഭവം നടന്ന വീട്ടിലെ ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കോടാലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന രവികുമാറിന്‍റെയും, ബിന്ദുവിന്‍റെയും ചിറ്റപ്പനാണ് കൃഷ്ണചന്ദ്രൻ. ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു വർഷം മുമ്പാണ് ഇസ്രായേലി യുവതിയൊടൊപ്പം ഇവിടെ എത്തിയത്. ആയുർവേദ ചികിൽസക്കായാണ് ഇവർ ഇവിടെ എത്തിയതെങ്കിലും ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു. ബിന്ദു ബന്ധുവീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് സംഭവം കാണുന്നത്.