14 December, 2023 09:01:35 AM
പാർലമെന്‍റ് സുരക്ഷാ വീഴ്ച; യുഎപിഎ പ്രകാരം കേസെടുത്തു
ഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ യുഎപിഎ പ്രകാരം കേസെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സ്‌പെഷ്യൽ സെൽ പറഞ്ഞു. സംഭവത്തിൽ പിടിയിലായ അഞ്ചു പേരെ കേന്ദ്രീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
പിടിയിലാകാനുള്ള ആറാം പ്രതി വിക്രത്തിനായി അന്വേഷണം തുടരുന്നു. തീവ്രവാദ സംഘടനകൾക്കോ വിഘടനവാദ സംഘടനകൾക്കോ പ്രതിഷേധക്കാരുമായി ബന്ധമില്ല എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉൾപ്പെടെയുള്ള സാധ്യതകൾ ഇനിയും അന്വേഷണസംഘങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല.
പാർലമെൻറ് ആക്രമണ വാർഷിക ദിനത്തിൽ നടന്ന സുരക്ഷാ വീഴ്ച ഗൗരവതരമായാണ് അധികൃതർ നോക്കിക്കാണുന്നത്. സിആർപിഎഫ് ഡിജി അനീഷ് സിംഗ് ദയാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കുക. വിവിധ അന്വേഷണ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾ ഈ സംഘത്തിൽ ഉണ്ട്. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യം ഉന്നയിച്ച പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും.