01 April, 2024 05:04:10 PM


ബസ് ഇടിച്ച് ബൈക്ക് മറ്റൊരു ബസിനടിയിലേക്ക് കയറി; യുവാവിന് ഗുരുതര പരിക്ക്




അങ്കമാലി:  എംസി റോഡിൽ വേങ്ങൂർ കിടങ്ങൂർ കവലയിൽ സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസിടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്. കാക്കനാട് പൗർണമി നിവാസിൽ ഹരി (26) എന്നയാൾക്കാണു പരിക്കേറ്റത്. യാത്രക്കാരനെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലും ഇടിച്ചാണു നിന്നത്. ഇന്നു രാവിലെ 11.45 നാണ് അപകടം.

അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പിൽ നിർത്തുകയായിരുന്നു. പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി- മുളങ്കുഴി ജീസസ് ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുൻപിലുണ്ടായിരുന്ന ബസിന് അടിയിലേക്ക് ഇടിച്ചുകയറുകയും യാത്രക്കാരൻ തെറിച്ചുവീഴുകയും ചെയ്തു. 

സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണു ബസ് ബൈക്കിലും മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചത്. നാലു വാഹനങ്ങളും അങ്കമാലിയിൽ നിന്നു കാലടിയിലേക്കു പോകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K