02 April, 2024 07:30:25 PM


തെങ്ങുവെട്ടാൻ കയറിയ 65-കാരന്‍ തെങ്ങിന്‍ മുകളില്‍വെച്ച് മരിച്ചു



ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയിൽ തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിന്‍മുകളില്‍വെച്ച് മരിച്ചു. ചുരുളിപ്പതാൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരംവെട്ടു തൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള നടക്കൽ സിബിയുടെ പുരയിടത്തിൽ തെങ്ങുവെട്ടാനെത്തിയതായിരുന്നു.

90 അടി ഉയരമുള്ള തെങ്ങിൻ്റെ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന കയറെടുത്ത് ശരീരം തെങ്ങുമായി ബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം. അബോധാവസ്ഥയിലായ നിലയിൽ വയോധികനെ കണ്ട വഴിയാത്രക്കാരനാണ് വിവരം സ്ഥലമുടമയേയും നാട്ടുകാരേയും അറിയിച്ചത്. 

തുടർന്ന് ഇടുക്കി അഗ്നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പോലീസിലും വിവരമറിയിച്ചു. ഉടനെ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ പ്രദീപ് കുമാർ ഓഫീസർമാരായ അനിൽകുമാർ, ആകാശ് എന്നിവർ തെങ്ങിൽ കയറി കയറും വലയുമുപയോഗിച്ച് സാഹസികമായി ഗോപിനാഥനെ താഴെ ഇറക്കി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്‌റ്റേഷൻ ഓഫീസർ അഖിൽ, ഫയർ ഫോഴ്സിലെ ജോബി അനിൽകുമാർ, ആഗസ്തി, സലിം, മനോജ്, വനിതാ ഫയർ ഓഫീസർമാരായ അഞ്ചു , ശ്രീലഷ്മി, അജ്ഞന എന്നിവരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: ലക്ഷ്മിക്കുട്ടി മക്കൾ: ഉഷ, നിഷ. മരുമക്കൾ: രതീഷ്, ബിജു. സംസ്കാരം നാളെ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K