03 April, 2024 11:26:04 AM
ഷാപ്പുകളില്‍ റെയ്ഡ്; കുട്ടനാട്ടില്‍ ലൈസന്‍സില്ലാതെ കള്ള് വില്‍പന നടത്തിയ മാനേജര്‍ അറസ്റ്റില്‍
ആലപ്പുഴ: കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജര്‍ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്.
അളവില്‍ കൂടുതല്‍ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ കൂടുതല്‍ കള്ള് ഷാപ്പുകളില്‍ സംഭരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. ഇതിനിടെയാണ് ലൈസന്‍സില്ലാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നത് പിടികൂടിയത്.
ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ആറ് ഷാപ്പുകളില്‍ അളവില്‍ കൂടുതല്‍ കള്ള് കണ്ടെത്തി. ചേര്‍ത്തല വയലാറിലെ പാഞ്ചാലി ഷാപ്പ്, കുട്ടനാട് പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ്, മാവേലിക്കര മണ്‍കുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂര്‍ കിളിയന്തറ കള്ളുഷാപ്പ് എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.