08 April, 2024 12:20:27 PM


'പ്രണയ ബോധവത്ക്കരണം'; കുട്ടികള്‍ക്കായി 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത



അടിമാലി: കുട്ടികള്‍ക്ക് മുന്നില്‍ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി നാലാം തീയതിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ഒരു ക്യാംപ് നടത്തിയിരുന്നു. അതില്‍ പ്രണയത്തെ കുറിച്ച് പഠിക്കാന്‍ ഒരുഭാഗമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി കുട്ടികള്‍ക്ക് ഒരു പുസ്തകവും വിതരണം ചെയ്തിരുന്നു. അത്തരം ഒരു ഉള്ളടക്കം കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഉള്ളതുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത ഡയറക്ടര്‍ ജീന്‍സ് കാരക്കാട് പറഞ്ഞു.

സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ജീന്‍സ് കാരക്കാട്ട് കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ ഇടുക്കി രൂപത ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നുവെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നമായിരുന്നു ബിഷപ്പിന്റെ മുന്നറിയിപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K