15 December, 2023 05:29:33 PM


ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി; വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് ചീഫ് ജസ്റ്റിസ്



ലക്നൗ:  ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജി ജില്ലാ ജഡ്ജിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. തൊഴിലിടത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാണിച്ച്‌ ചീഫ് ജസ്റ്റീസിന് കത്തെഴുതുകയായിരുന്നു. ഉടന്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.

മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. വനിതാ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുരേക്കറിന് നിര്‍ദേശം നല്‍കുകയും കുരേക്കര്‍ അലഹബാദ് ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. വനിതാ ജഡ്ജിയുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബാന്ദാ ജില്ലയിലെ സിവില്‍ കോടതിയില്‍ നിയോഗിതയായ വനിതാ ജഡ്ജി ചീഫ് ജസ്റ്റീസിന് അയച്ച കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ വന്നിരിക്കുന്നത്. 

ഒരു ജില്ലാ ജഡ്ജിയും അയാളുടെ അസോസിയേറ്റുകളും ചേര്‍ന്ന് എന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും രാത്രിയില്‍ തന്നെ വന്നു കാണാന്‍ ജില്ലാ ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ താന്‍ പരാതി നല്‍കിയിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസോ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയോ ഒരു നടപടിയും എടുത്തില്ലെന്നും പറയുന്നു. നിങ്ങള്‍ക്ക് എന്തുപറ്റി. എന്താണ് നിങ്ങള്‍ക്ക് ഒരു വിഷമമെന്നോ തന്നോട് ആരും ചോദിച്ചില്ല. താന്‍ ഹൈക്കോടതിയുടെ ആന്തരീക പരാതി കമ്മറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിര്‍ദേശിക്കപ്പെട്ട അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും പറയുന്നു. 

തന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നും തന്റെ ജീവിതം അങ്ങിനെയാവട്ടെ പിരിച്ചുവിടപ്പെടും. എന്നും പറഞ്ഞുകൊണ്ടാണ് ജഡ്ജി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് വനിതാജഡ്ജ് അവസാനിപ്പിച്ചിരിക്കുന്നത്. പരാതി കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി എടുത്ത നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സുപ്രീം കോടതി സെക്രട്ടേറിയറ്റ് തേടിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K