13 April, 2024 12:00:07 PM


ഉപയോ​ഗ ശൂന്യമായ കിണർ തേകാൻ എത്തിയപ്പോൾ കിണറ്റിൽ അസ്ഥികൂടം



പത്തനംതിട്ട: ഇരവിപേരൂരിൽ ഉപയോ​ഗ ശൂന്യമായ കിണർ വർഷങ്ങൾക്ക് ശേഷം തേകാനായി എത്തിയപ്പോൾ കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കിണറ്റിൽ മാസങ്ങളോളം കിടന്നതിനാൽ മൃതദേഹം ജീർണിച്ച് അസ്ഥിയിൽനിന്ന് മാംസമെല്ലാം പോയ നിലയിലായിരുന്നു. പിന്നീടുള്ള തിരച്ചിലിൽ കിണറ്റിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.

നാളുകളായി കിണറ്റിൽ കിടന്നിട്ടും ദുർഗന്ധം അനുഭവപ്പെടാതിരുന്നത് വലിയ അദ്ഭുതത്തോടെയാണ് നാട്ടുകാർ കാണുന്നത്. എന്നാൽ അസ്ഥികൂടം പുറത്തെടുത്തപ്പോൾ പരിസരം മുഴുവൻ വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. മൃതദേഹം പുറത്തെടുത്ത് കിണർ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആളിനെയെത്തിച്ച് പാമ്പിനെ പിടികൂടി.

കിണറ്റിലെ മാലിന്യങ്ങൾക്കും കമ്പുകൾക്കും ഇടയിൽ കുടുങ്ങിക്കിടന്നിരുന്ന മൃതദേഹഭാഗങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് താമസമാക്കിയ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വേനൽ കാലം ആയതിനാൽ വെള്ളം ഉപയോ​ഗിക്കാനായി കിണർ തേകാൻ എത്തിയപ്പോഴാണ് കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തത്. 2022-ൽ കിഴക്കനോതറയിൽ നിന്ന് കാണാതായ ഷൈലജയുടെ അസ്ഥികൂടമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K