17 April, 2024 10:12:52 AM
തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നത് നിർത്തി
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നത് നിർത്തി. കഴിഞ്ഞ 12ന് ആണ് ഷട്ടറുകൾ തുറക്കാൻ തുടങ്ങിയത്. രണ്ടുദിവസം കൊണ്ട് 29 ഷട്ടറുകൾ തുറന്നെങ്കിലും ഞായറാഴ്ച മുതൽ ഷട്ടറുകൾ തുറക്കുന്നില്ല. ബണ്ടിൽ 90 ഷട്ടറുകളും നാല് ലോക്കുകളുമാണ് ഉള്ളത്. 61 ഷട്ടറുകളും ലോക്കുകളും ഇനിയും തുറക്കാൻ കിടക്കുകയാണ്. വേലിയേറ്റം ശക്തമായതിനാൽ ഉപ്പുവെള്ളം കായലിന്റെ തെക്കൻ മേഖലയിൽ കയറുന്നത് നെൽകൃഷിക്ക് ഭീഷണിയാകും എന്നതിനാലാണ് നടപടിയെന്ന് സൂചന. ഷട്ടറുകൾ തുറന്നാൽ ഉപ്പുവെള്ളം ശുദ്ധജല സ്രോതസ്സുകളിൽ എത്തുകയും ചെയ്യും. ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്ന താഴ്ത്തങ്ങാടി കുളപ്പുര ഭാഗത്ത് ഉപ്പുവെള്ളം എത്താതിരിക്കാൻ ഓരുമുട്ട് സ്ഥാപിക്കുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞവർഷവും ഈ വർഷവും മുട്ടകൾ സ്ഥാപിച്ചില്ല എന്നതും ഷട്ടറുകൾ പൂർണയായി തുറക്കുന്നതിന് തടസമാവുകയാണ്.