17 April, 2024 04:15:39 PM
ആലപ്പുഴ കാഞ്ഞൂരിൽ ട്രാവൽസ് മാനേജരെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ
ആലപ്പുഴ: കാഞ്ഞൂരിൽ ട്രാവൽസ് മാനേജരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടിൽ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിന് രാത്രിയിൽ കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവൽസിൽ അതിക്രമിച്ച് കയറി മാനേജരായയ രോഹിത്തിനെ മർദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. പൊലീസ് പ്രതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ട്രാവൽസ് മാനേജർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്.
കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ മേൽനോട്ടത്തിൽ എസ്.ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.