16 December, 2023 06:46:58 PM


കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കും- ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.



പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികൾക്ക്  പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ  മുൻനിരയിലേക്ക് എത്തിക്കണം . ഇതിനായി ശ്രീകോവിലിനടുത്ത്  പ്രത്യേക ഗേറ്റ് സ്ഥാപിച്ച് , കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും  ഡ്യൂട്ടിക്ക് ഉണ്ടാകും . ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.  

സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം  ദേവസ്വം ബോർഡ് കർശനമായി  നടപ്പാകും. ആകെ 9 വരികളാണ് നടപ്പന്തലിൽ ഉള്ളത്. ഇതിൽ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട് വരികൾ   ഭക്തജനങ്ങൾക്കും , മൂന്നും ആറും വരികൾ കുടിവെള്ള വിതരണത്തിനും ഒൻപതാമത്തെ വരി കുട്ടികൾക്കും, സ്ത്രീകൾക്കും , ഭിന്നശേഷിക്കാർക്കുമാണ്. ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന  കുട്ടികളെ പോലീസിന്റെ സഹായത്തോടെ സുഗമമായി പതിനെട്ടാം പടി കയറ്റിയശേഷം ശ്രീകോവിലിനടുത്ത് സ്ഥാപിക്കുന്ന   പ്രത്യേക ഗേറ്റ് വഴി ഭഗവാന്റെ മുന്നിലെത്തിക്കും. 

മുൻ വർഷങ്ങളേക്കാൾ ശബരിമലയിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചതും ദേവസ്വം ബോർഡിന്റെ ഈ നടപടിക്ക് കാരണമായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കയ്യിൽ പമ്പയിൽ വച്ച് തന്നെ പേരും, രക്ഷാകർത്താവിന്റെ മൊബൈൽ നമ്പറും എഴുതിയ ബാൻഡ് ധരിപ്പിക്കുന്നുണ്ട്. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ പ്രവൃത്തി നടക്കുന്നത്. കുട്ടികൾ കൂട്ടം തെറ്റാതിരിക്കാൻ ഇക്കാര്യത്തിൽ  ഭക്തജനങ്ങൾ പരമാവധി  സഹകരിക്കണമെന്നും  ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K