23 April, 2024 04:07:57 PM


കളമശ്ശേരി സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം



കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറയുകയായിരുന്നു. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

വീട്ടില്‍ വെച്ചാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചു. സ്‌ഫോടനത്തിന്റെ തലേദിവസം ബോംബ് നിര്‍മ്മിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടില്‍ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലെ പ്രാര്‍ത്ഥനാ ഹാളിലെത്തി. സ്‌കൂട്ടറിലാണ് എത്തിയത്. കസേരകള്‍ക്കിടയിലാണ് ബോംബ് വെച്ചു. നാല് റിമോട്ടുകള്‍ വാങ്ങിയിരുന്നു അതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K