06 May, 2024 04:03:55 PM


പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു



പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് അത്യാഹിതത്തിന് കാരണം. രണ്ടു ദിവസം മുന്‍പ് ആദ്യം കിടാവും പിന്നീട് പശുവും ചാവുകയായിരുന്നു.

പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് തുടക്കത്തില്‍ മനസിലായിരുന്നില്ല.

സാധാരണ ദഹനക്കേട് ഉണ്ടാവുമ്പോൾ മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. കുത്തിവെപ്പെടുക്കാന്‍ സബ് സെന്ററില്‍ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. പശുക്കളുടെ പോസ്റ്റ്‌മോർട്ടത്തിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K