11 May, 2024 11:35:11 AM
ഏരൂരില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി; കേസെടുക്കുമെന്ന് പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറ ഏരൂരില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ വീട്ടീലെത്തി പൊലീസിനെ വിവരം അറിയിച്ചു. മകന്‍ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷണ്‍മുഖനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരിസരവാസികള്‍ അറിയുന്നത്. ഉടന്‍ തന്നെ വീട്ടുടമയെ പരിസരവാസികള്‍ അറിയിക്കുകയായിരുന്നു. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെയും ഷണ്‍മുഖന്‍ വീട്ടില്‍ തന്നെ കഴിഞ്ഞതായി പൊലീസ് പറയുന്നു.
ഷണ്‍മുഖന് മകനെ കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. പെണ്‍മക്കള്‍ ആണ് ചികിത്സയ്ക്കും മറ്റുമായി ഷണ്‍മുഖനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. അച്ഛനെ നോക്കാന്‍ തയ്യാറാണെന്ന് പെണ്‍മക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛനെ വിട്ടുകൊടുക്കാന്‍ മകന്‍ തയ്യാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ചികിത്സയുടെ ചെലവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളതായും പൊലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ കയറി അച്ഛനെ നോക്കാന്‍ സഹോദരിമാരെ അജിത്ത് സമ്മതിച്ചിരുന്നില്ലെന്നും പരാതി ഉണ്ട്. നിലവില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വീട്ടിലെത്തി അച്ഛന് പരിചരണം നല്‍കി. ഉടന്‍ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു.
ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ അജിത്ത് വാഗമണില്‍ ആണെന്നാണ് പറഞ്ഞത്. എന്നാല്‍ പലരോടും വ്യത്യസ്ത സ്ഥലങ്ങളാണ് അജിത്ത് പറയുന്നത്. അജിത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി അജിത്തിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറയുന്നു. അച്ഛനെ വീട്ടില്‍ ഉപേക്ഷിച്ച ശേഷം സാധന സാമഗ്രികള്‍ മുഴുവനും എടുത്ത് കൊണ്ടാണ് മകന്‍ കടന്നുകളഞ്ഞതെന്നും പൊലീസ് പറയുന്നു.