20 December, 2023 10:02:16 AM


ട്രംപിന് തിരിച്ചടി; തിരഞ്ഞെടുപ്പിൽ നിന്നും വിലക്കി കൊളറാഡോ സുപ്രീം കോടതി



വാഷിങ്ടൺ: അമെരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീംകോടതി വിധിച്ചു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനു മാത്രമാണ് അയോഗ്യത. 2021 ൽ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. യുഎസിന്‍റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാർഥിയാണ് ട്രംപ്.

കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14-ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് വിധി.

പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറ്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ട്രംപിനെ അനുവദിക്കുന്നതിന്റെ ഭാഗമായി വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K