13 May, 2024 10:37:13 AM


കെഎസ് ഹരിഹരന്‍റെ വീടിനു നേരെ ആക്രമണം; 3 പേർക്കെതിരെ കേസ്



കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ​ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതിനിടെ സ്ഫോടനം നടന്ന സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു. മാരക സ്ഫോടക വസ്തുക്കളല്ല ഉപയോ​ഗിച്ചത് എന്നാൽ പ്രാഥമിക നി​ഗമനം.

ഇന്നലെ രാത്രി 8.15യോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു ചുറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയതായും ഹരിഹരൻ പറഞ്ഞു.

വടകര മണ്ഡലത്തിൽ മത്സരിച്ച മുതിർന്ന സിപിഎം നേതാവ് കെകെ ശൈലജയ്ക്കെതിരെയും മറ്റൊരു പ്രമുഖ നടിക്കെതിരേയും ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആണ് പരാതി നൽകിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര പൊലീസിലും പരാതി നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K