20 December, 2023 09:47:18 PM


പാര്‍ലമെന്‍റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; 2 എംപിമാർ കൂടി പുറത്ത്



ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച 2 എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്.

പോസ്റ്റർ ഉയർത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. 3 മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കു ശേഷമാണ് സസ്പെൻഷൻ ഉത്തരവിട്ടത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20 ൽ 18 എംപിമാരും സസ്പെൻഷനിലായി. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരാണ് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. 

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് എഴുന്നേറ്റുനിന്നെങ്കിലും സസ്‌പെന്‍ഡ് ചെയ്തില്ല. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആകെ ലോക്‌സഭാംഗങ്ങള്‍ 98 ആയി. ലോക്സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എംപിമാര്‍ സസ്പെൻഷനിലായി. ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K