21 December, 2023 09:38:49 AM


പ്രകോപനമുണ്ടായാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് കിം ജോങ് ഉൻ



പ്യോങ്യാങ്: ശത്രുക്കളുടെ പ്രകോപനമുണ്ടായാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവായുധങ്ങൾ കാണിച്ച് ശത്രുരാജ്യങ്ങൾ പ്രകോപിച്ചാൽ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഉൻ അറിയിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമമാണ് വാർത്ത പുറത്ത് വിട്ടത്.

മിലിറ്ററി മിസൈൽ ബ്യൂറോയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം. ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിന് മുന്നോടിയായാണ് അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ച നടത്തിയത്.

ഉത്തരകൊറിയൻ സൈന്യം ഇത്തവണ നടത്തിയ സൈനിക പ്രകടനം സേനയുടെ ആക്രമണ, പ്രത്യാക്രമണങ്ങളുടെ വ്യക്തമായ വിശദീകരണമാണെന്ന് കിം പറഞ്ഞതായി ഉത്തരകൊറിയൻ വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. ശത്രു ആയുധങ്ങൾ കാണിച്ച് പ്രകോപിച്ചാൽ ആണവായുധ ആക്രമണത്തിനും മടിക്കില്ലെന്ന് കിം മുന്നറിയിപ്പ് നൽകി.

ഉത്തരകൊറിയ തിങ്കളാഴ്ച ഏറ്റവും പുതിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. അതിവേഗത്തിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് മിസൈലെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. അതേസമയം, ഉത്തരകൊറിയയുടെ മിസൈൽ ആക്രമണത്തിനെതിരായ യു.എൻ സെക്യൂരിറ്റി കൗൺസിൽ നടപടിയേയും കിം ജോങ് ഉൻ വിമർശിച്ചിട്ടുണ്ട്. യു.എസിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് കൊറിയൻ ഉപദ്വീപിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും കിം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K