02 December, 2023 09:10:47 AM


ട്രംപിന്‍റെ ജീവിതം സിനിമയാകുന്നു; നടൻ സെബാസ്റ്റ്യൻ സ്റ്റാൻ മുഖ്യ വേഷത്തിൽ



വാഷിംഗ്ടണ്‍ : യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം സിനിമയാകുന്നു. മാര്‍വല്‍ താരമായ നടൻ സെബാസ്റ്റ്യൻ സ്റ്റാൻ മുഖ്യ വേഷം അവതരിപ്പിക്കും. ട്രംപിന്റെ ചെറുപ്പകാലമാണ് സെബാസ്റ്റ്യൻ അവതരിപ്പിക്കുക. ഓസ്‌കര്‍ നോമിനേഷൻ ലഭിച്ചിട്ടുള്ള ഇറാനിയൻ ചലച്ചിത്രകാരനായ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം. മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗബ്രിയേല്‍ ഷെര്‍മാനാണ് തിരക്കഥ.

'ദി അപ്രന്റിസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയുടെ വേഷം നടി മരിയ ബകലോവയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവാന ട്രംപ് അന്തരിച്ചത്. ട്രംപും ഇവാനയും 1992ല്‍ വിവാഹ മോചിതരായിരുന്നു. ജെറമി സ്ട്രോംഗ് അടക്കം മറ്റ് താരനിരയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 1970കളിലും 1980കളിലും ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് കെട്ടിപ്പടുത്ത ട്രംപിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.


സജീവ രാഷ്ട്രിയത്തില്‍ എത്തും മുന്നേ അമേരിക്കൻ ബിസിനസ് ലോകത്ത് തരംഗം സൃഷ്ടിച്ച ഡൊണാള്‍ഡ് ട്രംപ് ഏതാനും ചില ഹോളിവുഡ് ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമാണ് ' ഹോം എലോണ്‍ 2 : ലോസ്റ്റ് ഇൻ ന്യൂയോര്‍ക്ക് ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ട്രംപിന്റെ അതിഥിവേഷം. ലോകമെമ്ബാടും നിരവധി ആരാധകരുള്ള സിനിമാ പരമ്ബരായാണ് ഹോം എലോണ്‍. പരമ്ബരയിലെ രണ്ടാമത്തെ ചിത്രമായ ' ഹോം എലോണ്‍ 2 : ലോസ്റ്റ് ഇൻ ന്യൂയോര്‍ക്ക് ' 1992ലാണ് പുറത്തിറങ്ങിയത്.


ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ ആഢംബര ഹോട്ടലുകളില്‍ ഒന്നായ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു. അന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു പ്ലാസ ഹോട്ടല്‍. സിനിമയില്‍ ചെറിയ ഒരു സീനില്‍ നായകൻ മക്കോളി കല്‍കിന് മുന്നില്‍ ട്രംപ് പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ പത്ത് വയസുകാരനായ കെവിൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മക്കോളി കല്‍കിൻ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്ലാസ ഹോട്ടലിലെത്തിയ കെവിൻ ഹോട്ടല്‍ ലോബി എവിടെയാണെന്ന് ചോദിക്കുന്നത് ട്രംപിനോടാണ്. ട്രംപ് മറുപടി നല്‍കിയ ശേഷം ഇരുവരും നടന്നകലുന്നതാണ് സീൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959