03 June, 2024 10:19:33 AM


വ്യാജ ഹെഡ്ലൈറ്റുകള്‍ വിറ്റ് കബളിപ്പിച്ച വ്യാപാരി15000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി



കൊച്ചി: വാഹനത്തിന്‍റെ വ്യാജ ഹെഡ്ലൈറ്റുകള്‍ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനല്‍ ഹെഡ് ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. മഴുവന്നൂർ സ്വദേശി വി.എസ്. പ്രമോദൻ പെരുമ്പാവൂർ റൂട്ട്സ് ഓട്ടോ പാർട്ട്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്റെ ഉടമയും ഡ്രൈവറും ആണ് പരാതിക്കാരനായ പ്രമോദൻ. 2023 ജനുവരിയിലാണ് 5,600 രൂപയ്ക്ക് രണ്ട് ഹെഡ്ലൈറ്റുകള്‍ വാങ്ങിയത്. ഹെഡ് ലൈറ്റുകളില്‍ വെള്ളം കയറി രാത്രി ഡ്രൈവിംഗ് അസാധ്യമായപ്പോള്‍ മറ്റൊരു വർക്ക് ഷോപ്പില്‍ വാഹനം പരിശോധനയ്ക്കായി നല്‍കി. അപ്പോഴാണ് ഹെഡ്ലൈറ്റുകള്‍ വ്യാജമാണെന്ന് മനസ്സിലായത്. മാറ്റി നല്‍കാൻ ആവശ്യപ്പെട്ടിട്ടും എതിർകക്ഷി തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച്‌ ഉത്പന്നം വില്‍ക്കുകയും മാറ്റി നല്‍കാൻ തയ്യാറാകാതിരിക്കുകയും ചെയ്തത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തി. ഡി. ബി ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K