03 June, 2024 04:36:40 PM


കോളേജ് വിദ്യാർഥികൾ നൂറുവട്ടം എഴുതി, 'ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല'



ഇടുക്കി: പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികൾക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം ആലിൻചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപമാണ് സംഭവം. അറക്കുളം പഞ്ചായത്തിന്റേതാണ് ശിക്ഷാ നടപടി.' ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല' എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാൻ പഞ്ചായത്ത് നിർദേശിച്ചത്.

പഞ്ചായത്ത് ഓഫീസിൽ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാർഥികൾ മടങ്ങി. കോളേജ് വിദ്യാർഥികൾക്ക് 10000 രൂപ പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഇത്രയും വലിയ തുക അടയ്ക്കാൻ ശേഷിയില്ലെന്ന് സൂചിപ്പിച്ച് വിദ്യാർഥികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് പിഴ പത്തിലൊന്നായി വെട്ടിക്കുറച്ചതും പകരം മാലിന്യ പരിപാലന സന്ദേശം എഴുതിപ്പിച്ചതും.

വിദ്യാർഥികൾ ബൈക്കിലെത്തി മാലിന്യം തള്ളിയത് കണ്ടയാൾ ഈ പ്രവൃത്തി വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ജില്ലാ ഹരിത കേരളം മിഷൻ ഇത് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തത്. നൂറിലേറെ കുടുംബങ്ങൾ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന ജല സ്രോതസിന് സമീപമാണ് വിദ്യാർഥികൾ മാലിന്യം തള്ളിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K