09 June, 2024 05:13:09 PM
ശൂന്യത പ്രസവിച്ച കലാകാരൻ: എസ്.പി.പിള്ളയുടെ 39-ാo ചരമവാർഷികാചരണം 12ന്
- ഹരിയേറ്റുമാനൂര്
എട്ടര പതിറ്റാണ്ടിനു മുമ്പ് കേരളത്തിലെ ഒരു വേദിയിൽ നാടകം നടക്കുന്നു. മിശിഹാ ചരിത്രം. അരങ്ങിൽ യേശുക്രിസ്തുവും ശിഷ്യരും.
''നാളെ കോഴികൂവും മുമ്പ് നിങ്ങളിൽ ഒരാളെന്നെ ഒറ്റുകൊടുക്കും" ക്രിസ്തുദേവന്‍റെ ഡയലോഗാണ്. ശിഷ്യർ ഓരോരുത്തരായി ചോദിച്ചു: ''ഗുരോ അതു ഞാനാണോ?" "അല്ല " എന്നു മറുപടി.
ഒരു ശിഷ്യനുമാത്രം ഡയലോഗില്ലായിരുന്നു. കാരണം അയാൾ പകരക്കാരനായിരുന്നു. ഒരു നടൻ്റെ അസാന്നിദ്ധ്യത്തിൽ വന്നയാൾ. അയാൾക്ക് നാടകത്തിൽ പൂർവ്വപരിചയമൊന്നുമില്ല! ആളുതികയ്ക്കാൻ വെറുതേ നിന്നാൽ മതിയെന്നാണു നിർദ്ദേശം. കുറഞ്ഞ പ്രതിഫലത്തിന് നാടക ക്യാമ്പിൽ സഹായിയായി നിന്നയാളാണ്.
വികാരഭരിതമായ രംഗം.സദസ്സ് വീർപ്പടക്കിയിരിക്കുന്നു. സന്ദർഭത്തിന്‍റെ ഗൗരവം അരങ്ങും സദസ്സും പങ്കിട്ടെടുത്തിരിക്കുന്നു.
പെട്ടെന്ന്, സിലബസ്സിലില്ലാത്ത ചോദ്യം പോലെ, സ്ക്രിപ്റ്റിലില്ലാത്ത ഒരു ഡയലോഗ് കേട്ടു:
"ഗുരോ, ഇനിയതു ഞാനോ മറ്റോ ആണോ?" ഒരു പ്രതിമപോലും ചിരിച്ചു പോകുന്ന ഹാസ്യരസപ്രധാനമായിരുന്നു ആ ഡയലോഗ്.
ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നീട്, വേദിയും സദസ്സും പൊട്ടിച്ചിരിച്ചുപോയി! ക്രിസ്തുവിന്‍റെ വേഷമിട്ടയാളുടെ പൊട്ടിച്ചിരി മുഴച്ചു നിന്നു!
അടുത്ത നിമിഷം പൊട്ടിച്ചിരി നിലച്ചു. പ്രേക്ഷകർ പൊട്ടിത്തെറിച്ചു. ആ ഡയലോഗ് പറഞ്ഞ നവനടൻ സ്റ്റേജിന്‍റെ പിന്നിലെ ഓല പൊളിച്ചു കൊണ്ട് ഓടിമറഞ്ഞു.
പിൽക്കാലത്ത് കേരളത്തിന്‍റെ ചാർലി ചാപ്ലിനായ സാക്ഷാൽ എസ്. പി. പിള്ളയായിരുന്നു അത്. അഞ്ഞൂറോളം നാടകത്തിലും ഇരുന്നൂറിലേറെ സിനിമയിലും തകർത്തഭിനയിച്ചൊരാളുടെ താരോദയം.
എസ്.പി.യെ ശുദ്ധരിൽ ശുദ്ധനെന്ന് അഭയദേവ് അടയാളപ്പെടുത്തുമ്പോൾ ശൂന്യത പ്രസവിച്ച കലാകാരനെന്നാണ് കെ.ജി സേതുനാഥ് വിശേഷിപ്പിച്ചത്. എസ് പി.യുടെ സപ്തതി ആഘോഷവേളയിൽ പങ്കെടുത്ത് കെ.ജി. സേതുനാഥ് പറഞ്ഞത് എസ്.പി. പിള്ളയെന്ന അരപ്പൊന്നാനയേം ചേർത്ത് ഏറ്റുമാനൂർ ഇനി എട്ടു പൊന്നാനയുടെ നാടായി അറിയപ്പെടട്ടെ എന്നാണ്!
39-ാo ചരമവാർഷികം ജൂൺ 12ന്
എസ്.പി. പിള്ളയുടെ 39-ാo ചരമവാർഷികദിനം ബഹുജന പങ്കാളിത്തത്തോടെ എസ് പി പിള്ള സ്മാരക ട്രസ്റ്റ് ജൂൺ 12ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ (ഏറ്റുമാനൂർ ശിവപ്രസാദ് നഗർ ) ഉച്ച തിരിഞ്ഞ് 3.30 ന് ആചരിക്കും. മന്ത്രി വി എൻ വാസവൻ, സിനിമാ താരവും അവതാരകനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം, ഏറ്റുമാനൂർ ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്‍റ് എൻ അരവിന്ദാക്ഷൻ നായർ, ട്രസ്റ്റ് പ്രസിഡന്‍റ് ഗണേഷ് ഏറ്റുമാനൂർ തുടങ്ങിയവർ സംബന്ധിക്കും.
അതുല്യ കലാകാരൻ എസ്.പി പിള്ളയെക്കുറിച്ച് അറിവുകൾ പുതുതലമുറയ്ക്കും പരിചയപ്പെടുത്തുന്നതിനായി 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ എ പ്ലസ് /എ വൺ നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമാേദിക്കുകയും എസ് പി പിള്ളയുടെ നാമത്തിലുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.